അഹമ്മദാബാദ്: അണ്ടർ 23 ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ രാജസ്ഥാനോട് പൊരുതിത്തോറ്റ് കേരളം. അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിന് ഒടുവിലായിരുന്നു കേരളത്തിന്റെ തോൽവി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 340 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിൽ കേരളം 49.5 ഓവറിൽ 333 റണ്‍സിന് ഓൾ ഒൗട്ടാവുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായെങ്കിലും തുടർന്നെത്തിയവർ തകർത്തടിച്ച് മുന്നേറുകയായിരുന്നു. ക്യാപ്റ്റൻ രോഹൻ വിജയും മിനാഫ് ഷെയ്ഖും ചേർന്ന് രണ്ടാം വിക്കറ്റിൽ 134 റണ്‍സ് കൂട്ടിച്ചേർത്തു.
106 പന്തുകളിൽ 144 റണ്‍സ് കൂട്ടിച്ചേർത്ത രോഹൻ- കരണ്‍ സഖ്യമാണ് രാജസ്ഥാന്റെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. കേരളത്തിന് വേണ്ടി അഭിറാം മൂന്നും പവൻ രാജ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ അക്ഷയും കൃഷ്ണനാരായണും ചേർന്ന് ഉജ്ജ്വല തുടക്കമാണ് നല്‍കിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 160 റണ്‍സാണ് കൂട്ടിച്ചേർത്തത്.
തുടര്‍ന്നെത്തിയ പവൻ ശ്രീധറും മികച്ച രീതിയിൽ ബാറ്റ് വീശി. എന്നാൽ ഏഴ് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. രാജസ്ഥാനുവേണ്ടി നീലേഷ് നാല് വിക്കറ്റുകൾ വീഴ്ത്തി.